മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

23 September 2011

എട്ടാം ക്ലാസ്സിലെ മണ്ണില്‍ പുതഞ്ഞ രത്നങ്ങള്‍ എന്ന യൂണിറ്റിന് അനുയോജ്യമായ ദൃശ്യങ്ങള്‍,ചിത്രങ്ങള്‍




ആദിവാസികള്‍
വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ്‌ ആദിവാസി ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു.. ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. ഭാരതത്തിൽ ആദിവാസികൾക്കുള്ള നിർവ്വചനം- ‘’വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ‘’ എന്നാണ്‌. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഭാരതത്തിൽ 461 ആദിവാസി വിഭാഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്‌. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും‌, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്‌.
കേരളത്തിലെ ആദിവാസികൾ
കേ ര ള ത്തില്‍ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്‌. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ്‌ നിഗമനം. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം
.
കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ
    ആളാര്‍
    കാടര്‍
    കൊച്ചുവേലന്‍
    കുണ്ടുവടിയര്‍
    കുറിച്യര്‍
    കുറുമര്‍
    ചിങ്ങത്താന്‍
    ലയരയന്‍
    ലമലസര്‍
    മലസര്‍
    മലയാളര്‍
    മലയര്‍
    മണ്ണാന്‍
    മാവിലന്‍
    മുഡുഗര്‍
    മുതുവാന്‍
    പളിയര്‍
    പണിയന്‍
    പതിയന്‍
    വിഴവന്‍

7 September 2011

ഓണാശംസകള്‍

പൊന്നിന്‍ചിങ്ങത്തില്‍ മാവേലിമന്നനെ വരവേല്ക്കാന്‍ മലനാട് ഒരുങ്ങിക്കഴിഞ്ഞു.ഏവര്‍ക്കും സമൃദ്ധിയുടേയും
സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും ഹൃദയം നിറഞ്ഞ ആശംസകള്‍


13 July 2011

ഊര്‍മ്മിളയുടെ നൊമ്പരം

ഊര്‍മ്മിളയുടെ നൊമ്പരം
മൂകവും വാചാലവുമായിരുന്നു
സര്‍വ്വോപരി,
സത്യവും ആത്മാര്‍ത്ഥവുമായിരുന്നു
ലക്ഷ്മണാ , നീയതറഞ്ഞിട്ടും
അറിയാത്തതായി നടിച്ചു
വീരകര്‍മ്മങ്ങളാല്‍,ആദര്‍ശപുരുഷനായ്
ഭാതൃഭക്തനായ് ,ചരിത്രത്തിന്റെ
രാജസിംഹാസനത്തിന്‍ ചാരേ
നീ,അവരോധിതനായി
നിന്റെ ഊര്‍മ്മിളയോ?
ഒരുതേങ്ങലായ്
സ്ത്രീത്വത്തിന്റെ നെടുവീര്‍പ്പായി
ആത്മാവിന്റെ ചക്രവാളങ്ങളിലിന്നും
അശാന്തിയുടെ ചിറകടിച്ചു കേഴുന്നു
ത്യാഗത്തിന്റെ മേല്‍ക്കുപ്പായവും
ധര്‍മ്മത്തിന്റെ ചമയങ്ങളുമണി‍ഞ്ഞ
പുരുഷകര്‍മ്മങ്ങളുടെ സ്വാര്‍ത്ഥതയാല്‍
അഗണ്യ കോടിയിലേയ്ക്ക്
എറിയപ്പെടുകയായിരുന്നില്ലേ
നിന്റെ ഊര്‍മ്മിളയെന്നു
ലക്ഷ്മണാ നീ ഓര്‍ത്തുവോ ?
അവളുടെ ആത്മനൊമ്പരങ്ങളും
നിശബ്ദമായ തേങ്ങലുകളും
ലക്ഷമണരേഖയ്ക്കു മുന്നില്‍
നിസ്സഹായമാകുന്നതു കണ്ടിട്ടും
എന്തേ ലക്ഷ്മണാ നീ
പതിധര്‍മ്മം മറന്നുവോ
രാമഭക്തിയില്‍?
അവതാരലക്ഷ്യം നേടിയ
സാഫല്യത്തോടെ നീ
സംസാരമുക്തനായെങ്കിലും
നിന്റെ ഊര്‍മ്മിള
ഇന്നുമൊരു തേങ്ങലായ്
ഇവിടെ തുടരുന്നൂ.....................
ലക്ഷ്മണാ , നീയതറിയുന്നുവോ?
നിന്റെ ഊര്‍മ്മിളയെ എന്നെങ്കിലും
ലക്ഷ്മണാ , നീയറിഞ്ഞുവോ?

                                     പയസ്സ് കുര്യന്‍
                                     സെന്റ്തോമസ്സ്  ഹൈസ്ക്കൂള്‍
                                     പാല , കോട്ടയം

20 June 2011

എട്ടാംക്ലാസ്സിലെആദ്യയൂണിറ്റ്കൃഷിയെക്കുറിച്ച്ആണല്ലോ.കാര്‍ഷികകേരളം എന്നാണ് നമ്മുടെ നാട്അറിയപ്പെടുന്നത്.കാര്‍ഷിക ജീവിതത്തില്‍ അടിയുറച്ച ഒരുസംസ്ക്കാരത്തിന്റെ ഉടമകളായിരുന്നു നമ്മള്‍.
ഈ സംസ്ക്കാരത്തിന്റ പ്രതിഫലനം ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ സംസ്ക്കാരത്തിന്റെ അടിത്തറയായിരുന്ന കാര്‍ഷിക സംസ്ക്ക്കാരത്തെ നാം മറന്നു.ഒരു കാലത്ത് സമ്പന്നമായിരുന്ന നമ്മുടെ കാര്‍ഷികസംസ്ക്കാരലോകം നമുക്ക് ഒന്ന് ദര്‍ശിക്കാം.


10 June 2011

                                                           ചെണ്ട
                                                             ചെങ്ങില
                                                          ഇലത്താളം
                                                      ഇടയ്ക്ക

9 June 2011

കഥകളി --നവരസങ്ങള്‍

                                                           ശൃംഗാരം
                                                             വീരം
                                                               രൗദ്രം
                                                                  ശാന്തം
                                                               അദ്ഭുതം
                                                               ഹാസ്യം
                                                                ശോകം

                                                                 ഭയാനകം

6 June 2011

കഥകളി വേഷങ്ങള്‍

                                                             മിനുക്ക്
                                                              കത്തി
                                                               കരി
                                                            കറുത്തതാടി
                                                            ചുവപ്പ് താടി
                                                          വെളുത്തതാടി
                                                                പച്ച

31 May 2011

സുസ്വാഗതം

ഒരു യാത്രാ മൊഴി കൂടി..................................................... അനദ്ധ്യയനത്തിന്റെ ഒരു ഉത്സവകാലത്തിനു കൂടി വിട!! ഗൃഹാതുരതകള്‍ ബാക്കിവച്ചുകൊണ്ടു കടന്നുപോയ ദിനരാത്രങ്ങള്‍...................... പുതിയ പുസ്തകകെട്ടുകള്‍......മനഃപാഠമാക്കാന്‍ വെമ്പുന്ന കവിതാശകലങ്ങള്‍........ഓര്‍മപുസ്തകത്തില്‍ ശേഖരിക്കാന്‍ സ്വപ്നങ്ങളുടെ മയില്‍പീലിത്തുണ്ടുകള്‍ .........ഇന്നലെകളുടെ ഊര്‍ജത്തില്‍ നിന്നും ആര്‍ജവമുള്‍ക്കൊണ്ട്  പുതിയ നാളെകള്‍ക്ക് സുസ്വാഗതം!!!!......ടി.വി.യുടെയും കംപ്യൂട്ടറിന്റെയും ലോകത്തുനിന്നും തല്കാലം വിട.........

14 May 2011

പത്താം ക്ലാസ്സിലെ പുതിയ പാഠപുസ്തകപഠനം-കവിത

യാത്രാമൊഴി ഒരു പഠനം
മഹാകവി കമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാഗമാണ് യാത്രമൊഴി എന്ന പദ്യഭാഗം തന്റെ മക്കള്‍ വാല്മീകി മഹര്‍ഷിയോടൊപ്പം അയോധ്യയിലേയ്ക്ക് പോയ സന്ദര്‍ഭത്തില്‍ ആശ്രമത്തില്‍ ഏകയായ സീതയുടെ മനസ്സിലൂടെ കടന്നുപോകുന്നചിന്തകളാണ് ചിന്താവിഷ്ടയായ സീത എന്ന ആശാന്‍ കാവ്യത്തിലെ പ്രമേയം.
ലൗകികജീവിതത്തില്‍ നിന്ന് വിടപറ‍ഞ്ഞ് ഈ പ്രപഞ്ചത്തിലെ സകല ശകതികളോടും യാത്രാമൊഴി ചൊല്ലുന്ന സീതയെയാണ് ഈ പാഠഭാഗത്തില്‍കാണാന്‍കഴിയുന്നത് ആദ്യരണ്ടുശ്ലോകങ്ങളില്‍സൂര്യചന്ദ്രന്മാരെ സ്മരിക്കുന്നതിലൂടെ ഭര്‍ത്തൃപിതാവിനോടും സ്വപിതാവിനോടും യാത്രചോദിക്കുന്ന ഒരു ധ്വനികൂടി ആശാന്‍ ഈ വരികളില്‍ഉള്‍ചേര്‍ത്തിരിക്കുന്നു.മൂന്നാംശ്ലോകത്തില്‍
നക്ഷത്രങ്ങളോട് വിടപറയുന്ന സീതയെ നാം കാണുന്നു.

നാലാം ശ്ലോകത്തിലെ പ്രിയസന്ധ്യേ എന്ന പ്രയോഗം ഔചിത്യഭംഗിയുള്ളതാണ്.സീതയെപ്പോലെതന്നെ ദുഃഖിതയായ സന്ധ്യയോടുള്ള സ്നേഹാദരങ്ങളാണ് സീത വെളിപ്പെടുത്തുന്നത്. പതിനൊന്നാം ശ്ലോകത്തിലെ സുസുഷുപ്തി എന്ന പ്രയോഗം ശ്രദ്ധേയമാണ് സുഷുപ്തി എന്ന പദത്തിന് നിദ്ര എന്നാണര്‍ത്ഥം .നിദ്രയുടെ പരമമായ അവസ്ഥയെ സൂചിപ്പിക്കുവാന്‍ ആശാന്‍ സുസുഷുപ്തി എന്നു സൂചിപ്പിക്കുന്നു.
പതിമൂന്നാമത്തെ ശ്ലോകത്തില്‍ ''പ്രിയരാഘവ"എന്ന സംബോധനയില്‍ രാമനോടുള്ള സ്നേഹാദരങ്ങളും സീതയുടെ ആത്മവിശ്വാസവും മനോദാര്‍ഢ്യവും പ്രകടമാണ്.രാമന്റെ സംരക്ഷണമാകുന്ന ശാഖവിട്ട് പറന്നുപോകുന്ന പക്ഷിയായി സീതയെ വര്‍ണ്ണിക്കുന്നതിലൂടെ മനോഹരമായ ഒരലങ്കാരം കവി ഇവിടെ വ്യഞ്ജിപ്പിച്ചിരിക്കുന്നു.
രാമായണകഥയില്‍ സീതയെ ഒരുദേവിയായി വാല്മീകിമഹര്‍ഷി അവതരിപ്പിച്ചിരിക്കുന്നത്. ആ തലത്തില്‍ നിന്നും സീതയെ ആത്മഗൗരവമുള്ള ഒരു സ്വതന്ത്രവ്യക്തിത്വം ഉള്ള സ്ത്രീയായി ആശാന്‍ വളര്‍ത്തിയിരിക്കുന്നു.
പ്രാസഭംഗി;അര്‍ത്ഥാലങ്കാരങ്ങള്‍ പ്രയോഗഭംഗി ;ശബ്ദാലങ്കാരങ്ങള്‍ ;വാങ്മയചിത്രങ്ങള്‍ ;എന്നിവകൊണ്ട് സമ്പന്നമാണ് ഈ കാവ്യഭാഗം. ആത്യന്തികമായ ഒരു സ്ത്രീസങ്കല്പം ആശാന്റെ ചിന്താവിഷ്ടയായ സീതയിലൂടെ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും.
വിയോഗിനീ വൃത്തത്തിലാണ് ഈ കവിതയുടെ രചന

15 March 2011

മലയാളം പരീക്ഷ അവസാനിച്ചു
ഈ വര്‍ഷത്തെ എസ്സ്.എസ്സ് . എല്‍. സി പരീക്ഷയില്‍ മലയാളം പരീക്ഷ പൂര്‍ത്തിയായി. ചോദ്യപേപ്പറിലൂടെ ഒന്നു കടന്നുപോയാല്‍ മലയാളം ഒന്നാം പേപ്പര്‍ ശരാശരി നിലവാരം പുലര്‍ത്തി.താരതമേന്യ ലളിതമായ ചോദ്യങ്ങള്‍കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റുന്നതിന് സഹായിച്ചു. ആകെ അ‍ഞ്ചോ,ആറോ പാഠങ്ങളെ മാത്രം ആസ്പദമാക്കി ചോദ്യങ്ങള്‍ ചോദിച്ചത് , എല്ലാ പാഠങ്ങളും ഗഹനമായി പഠിപ്പിച്ച അദ്ധ്യപകരെ നിരാശപ്പെടുത്തിയെന്നുമാത്രം. A+ ഗ്രേഡിലേയ്ക്ക് കുട്ടികളെ എത്തിയ്ക്കും എന്നതില്‍ ആശ്വാസം കണ്ടെത്താം.

എന്നാല്‍ മലയാളം രണ്ടാം പേപ്പര്‍ കുട്ടികളെ വലച്ചു എന്നുപറയാം ഒന്നാമത്തെ ചോദ്യം വ്യാഖ്യാനിക്കുക. അല്പം കഠിനമായിപ്പോയില്ലേ.പെട്ടെന്ന് ഉത്തരത്തിലേക്ക് കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. അതുപോലെ രണ്ടാമത്തെ ചോദ്യം കുട്ടികള്‍ പെട്ടെന്ന് സന്ദര്‍ഭം കണ്ടെത്തിയെന്ന് വരില്ല.ചുരുക്കിപ്പറഞ്ഞാല്‍ തങ്ങള്‍ക്ക് കിട്ടിയ ഒന്നരമണിക്കൂര്‍ സമയം കൊണ്ട് മികച്ച രീതിയില്‍ ഉത്തരമെഴുതാന്‍ കുട്ടികള്‍ക്ക് സാധിച്ചെന്ന് തോന്നുന്നില്ല.എങ്കിലും വലിയ കുഴപ്പമില്ലാതെ മലയാളം പരീക്ഷ കഴിഞ്ഞതായി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വസിക്കാം.

5 March 2011

മാതൃകാചോദ്യങ്ങള്‍
പ്രതികരണം എഴുതുക:-
1.സിനിമാഭിനയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഒരു നാടകനടന്‍ ഇങ്ങനെ പറഞ്ഞു.”സിനിമയില്‍ നടനു വേണ്ടി പാടാന്‍ പ്രശസ്ത ഗായകര്‍ ,ശബ്ദം നല്കാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സ്റ്റണ്ട് രംഗങ്ങളില്‍ പകരക്കാര്‍എന്നിട്ടും അവര്‍ താരങ്ങള്‍.................ഈ സൗകര്യങ്ങളില്ലാത്ത ‍ഞങ്ങളോ?”
അടൂര്‍ഗോപാലകൃഷ്ണന്റെഅഭിനയത്തിന്റെഅതിരുകള്‍എന്നലേഖനംകൂടെപരിഗണിച്ച്
ഈഅഭിപ്രായത്തോട് പ്രതികരിക്കുക?

2.കുറിപ്പ് എഴുതുക
താരതമ്യം ചെയ്ത് കുറിപ്പ് എഴുതുക?
''അടിസ്ഥാനങ്ങളിലേക്കു കടന്നുചെല്ലുമ്പോള്‍ എല്ലാ കലകളുടേയും പ്രഭവം ഭാവനാജന്യമായ രൂപകല്പനയിലാണ് .ഒന്നാമതായി ധ്യാനം പിന്നെ രൂപകല്പന ,തദനന്തരം നിര്‍മ്മാണം
ഇതാണ് ക്രമം "-ഗുപ്തന്‍നായരുടെ ഈ അഭിപ്രായം പൂതപ്പാട്ട് എന്ന കൃതിയുടെ രചനയില്‍ എത്രമാത്രം ശരിയാണെന്ന് പരിശോധിച്ച് കുറിപ്പെഴുതുക."തുടികൊട്ടും ചിലമ്പൊലിയും" -എന്ന പാഠത്തിലെ സൂചനകള്‍ പ്രയോജനപ്പെടുത്തണം?

3.കുറിപ്പ് തയ്യാറാക്കുക:-
തരളമാം നിന്‍കണ്ണിലോമനേ കാണ്മൂഞാന്‍
ചിരിയോ തിളങ്ങുന്ന കണ്ണുനീരോ
കവി സംശയിക്കുന്നതുപോലെ ചിരിയാണോ കണ്ണീരാണോ നക്ഷത്രത്തില്‍ തെളിയുന്നത് ?
കവിതയുടെ ആശയം തന്നിരിക്കുന്ന സൂചനകള്‍ ഇവ മുന്‍ നിര്‍ത്തി നിങ്ങളുടെ അഭിപ്രായം
സമര്‍ത്ഥിക്കുക?

4.തിരക്കഥ രചിക്കുക
കലി : ഭൂമി തന്നിലുണ്ട് ഭീമസുതയെന്നൊരു
കാമിനീ കമലലോചന
കാമനീയകത്തില്‍ ധാമം പോല്‍ അവള്‍ തന്‍
നാമം കേട്ടു ദമയന്തിപോല്‍
യാമി, ഞാനവളെ ആനയിപ്പതിനു
സ്വാമി,യതിനു വിടതരിക നീ.

ഇന്ദ്രന്‍: പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതുബന്ധനോദ്യോഗമെന്തടോ?
ജാതമായി തദ്വിവാഹ കൗതുക-
മാദരേണ ‍ഞങ്ങള്‍ കണ്ടുപോന്നിതു
കല-ഇന്ദ്ര സംവാദം നളചരിതം വായനയിലൂടെ സന്ദര്‍ഭമടക്കം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്
ഈ രംഗം തിരക്കഥാരൂപത്തിലേക്ക് മാറ്റിയെഴുതുക?
5.ലഘുലേഖ തയ്യാറാക്കുക?
പ്രകൃതിക്കും ചില നിയമങ്ങളുണ്ട് . അതിന്റെ ഭാഗമായ മനുഷ്യനും ഈ നിയമങ്ങള്‍ പാലിക്കേണ്ടത് മാനവികതയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ഈ സന്ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ലോക പരിസ്ഥിതി ദിനാചരണപരിപാടികളുടെ
പ്രചാരണത്തിനായി ഒരു ലഘുലോഖ തയ്യാറാക്കുക? വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍
എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയായിരിക്കണം ലഘുലേഖ തയ്യാറാക്കേണ്ടത്?

25 February 2011

പത്താം ക്ലാസ്സ്

വ്യാകരണചോദ്യങ്ങള്‍

1.പ്രയോഗവ്യത്യാസം കണ്ടെത്തുക
പത്രത്തില്‍ വാര്‍ത്ത വന്നു-ഇവിടെ വാര്‍ത്ത എന്നതിന് വര്‍ത്തമാനം,ന്യൂസ് എന്ന അര്‍ത്ഥമാണുള്ളത്
വെള്ളിയില്‍ വാര്‍ത്ത ശില്പം- ഇവിടെ വാര്‍ത്ത ഉണ്ടാക്കിയ എന്ന അര്‍ത്ഥമാണുള്ളത്

2.വാക്യം വികസിപ്പിക്കുക
പശു പുല്ല് തിന്നുന്നു.-കറുത്ത പശു പച്ച പുല്ല് ആര്‍ത്തിയോടെ തിന്നുന്നു.

3.വാക്യം മെച്ചപ്പെടുത്തുക
ജനങ്ങളുടെ ആധിപത്യമുള്ള ഭരണത്തിന്റെ സമ്പ്രദായം നിലനില്‍ക്കുന്ന ഇന്ത്യയില്‍ മതങ്ങളുടെ സൗഹാര്‍ദ്ദം എന്നും നിലനില്‍ക്കട്ടെ- ജനാധിപത്യഭരണസമ്പദായം നിലനില്‍ക്കുന്ന ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം എന്നും നിലനില്‍ക്കട്ടെ.

4.മാറ്റിയെഴുതുക
മരക്കൊമ്പിലിരുന്ന കിളി പറന്നുപോയി മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു.
a.കിളി മരക്കൊമ്പിലിരുന്നു.
b.കിളി പറന്നു പോയി.
c.കിളിമേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു.

5.ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വാക്യങ്ങള്‍ ശരിയാക്കിയെഴുതുക
പശുവിന്റെ കുട്ടി എത്ര ശ്രമിച്ചിട്ടും പുല്ല് തിന്നാന്‍ കൂട്ടാക്കിയില്ല.ഒടുവില്‍ കറവക്കാരന്‍ പശുവിന്റെ കുട്ടിയുടെ വായ പിളര്‍ത്തി പുല്ല് തിന്നു.-എത്ര ശ്രമിച്ചിട്ടും പശുക്കുട്ടി പുല്ല് തിന്നില്ല.ഒടുവില്‍ കറവക്കാരന്‍ അതിന്റെ വായപിളര്‍ത്തി പുല്ല് തീറ്റിച്ചു.

6.അര്‍ത്ഥവ്യത്യാസം കണ്ടെത്തുക
ആ നഗരം എത്ര അകലെയാണ് ? - ഇവിടെ "എത്ര ?" എത്രത്തോളം ദൂരെയാണ് (അകലെ) യാണ് എന്ന് ചോദിക്കുന്നു.
ആ നഗരം എത്ര അകലെയാണ് ! - ഇവിടെ "എത്ര !" എത്രത്തോളം ദൂരെയാണ് (അകലെ) യാണ് എന്ന് ആശ്ചര്യപ്പെടുന്നു.

7.താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ വ്യാകരണപരമായ സവിശേഷത എഴുതുക?
അമ്മുപഠിക്കുന്നു.അമ്മു മിടുക്കിയാണ്.
അമ്മുപഠിക്കുന്നു.അവള്‍ മിടുക്കിയാണ്.
അല്ലെങ്കില്‍
ആട് പച്ചമാവിന്റെ ഇല തിന്നു.
ആട് പച്ചമാവില തിന്നു.
(സര്‍വ്വനാമം ; വിഭക്തി)

8.ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ അടിവരയിട്ടിരിക്കുന്ന പദങ്ങളുടെ അര്‍ത്ഥവ്യത്യാസം എഴുതുക

അവന്‍ നാട്ടിലേക്ക് പോയി.
അവള്‍ കര‍ഞ്ഞു പോയി.

അവന്‍ നാട്ടിലേക്ക് പോയി. എന്ന വാചകത്തില്‍ "പോകുക" എന്ന ക്രിയയുടെ ഭൂതകാലപ്രയോഗമായ "പോയി" ഉപയോഗിക്കുന്നു.എന്നാല്‍ അവള്‍ കര‍ഞ്ഞു പോയി. എന്നിടത്ത് "പോയി "എന്നതു അനുപ്രയോഗമാണ്.

9.ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ അടിവരയിട്ടിരിക്കുന്ന പദങ്ങളുടെ അര്‍ത്ഥവ്യത്യാസം എഴുതുക
സ്വാഗതം ആശംസിക്കുന്നു.
സ്വാഗതം ആശംസിച്ചുകൊള്ളുന്നു.
ഒരു ധാതുവിന്റെ അര്‍ത്ഥത്തെയോ രൂപത്തെയോ പരിഷ്ക്കരിക്കാന്‍ അതിനു പിന്നാലെ ചേര്‍ക്കുന്ന ധാതുവിന് അനുപ്രയോഗം എന്നുപറയുന്നു. ഇവിടെ ആശംസിച്ചുകൊള്ളുന്നു എന്ന വാക്കില്‍ കൊള്ളുന്നു എന്നത് അനുപ്രയോഗമാണ്.

10.താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ക്ക് അര്‍ത്ഥപരമായ വ്യത്യാസം കണ്ടെത്തുക.

അയാള്‍ക്ക് തലവേദനയാണ്.
അയാളൊരു തലവേദനയാണ്.
ആദ്യത്തെ വാചകത്തില്‍ തലവേദന എന്നത് ഒരുരോഗവും രണ്ടാമത്തെ വാചകത്തില്‍ തലവേദന എന്നത് ബുദ്ധിമുട്ടും ആകുന്നു.

11.അര്‍ത്ഥവ്യത്യാസംകണ്ടെത്തുക.
പാത്രം താഴെ വീണ് പൊട്ടി.
പാത്രം താഴെ വീണ് പൊട്ടിപ്പോയി.
"പാത്രം താഴെ വീണ് പൊട്ടി" എന്നു പറയുമ്പോള്‍ വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്നതാണ്.എന്നാല്‍ "പാത്രം താഴെ വീണ് പൊട്ടിപ്പോയി.”എന്നാക്കുമ്പോള്‍ ഇവിടെ പാത്രം താഴെ വീണ് പൊട്ടി എന്ന ക്രിയയും "പോയി" എന്നത് അനുപ്രയോഗവും ആണ്

6 February 2011

പത്താം തരം - പട്ടികപ്പെടുത്തുക

കവി കാലം പ്രസ്ഥാനം കൃതികള്‍ സവിശേഷത
എഴുത്തച്ഛന്‍ 16- ാം നൂറ്റാണ്ട് കിളിപ്പാട്ട് അദ്ധ്യാത്മരാമായണം സാംസ്ക്കാരികനവോത്ഥാന
കുഞ്ചന്‍നമ്പ്യാര്‍ 18-ാംനൂറ്റാണ്ട് തുള്ളല്‍ ബാലിവിജയം ഫലിതപരിഹാസത്തിലൂടെസാമൂഹികവിമര്‍ശനംനടത്തി.

ചെറുശ്ശേരി 15 - ാംനൂറ്റാണ്ട് ഗാഥ കൃഷ്ണഗാഥ ലളിതകോമളപദാവലികൊണ്ട്കൃഷ്ണഗാഥയെ
ശ്രേഷ്ഠകാവ്യമാക്കി

ഉണ്ണായിവാര്യര്‍ 18-ാംനൂറ്റാണ്ട് ആട്ടക്കഥ നളചരിതം ആട്ടക്കഥയെ നാടകത്തോടടുപ്പിച്ചു

1 February 2011

ചോദ്യങ്ങള്‍

പത്താം തരം - മാതൃകാചോദ്യങ്ങള്‍
1.ലഘുപ്രഭാഷണം തയ്യാറാക്കുക
2004-ലെ എഴുത്തച്ഛന്‍ പുരസ്ക്കാരം ലഭിച്ച സുകുമാര്‍അഴിക്കോടിന് നിങ്ങളുടെ സ്ക്കൂളില്‍ സ്വീകരണം നല്‍കുന്നു.അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്താന്‍ നിങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനുവേണ്ടിഒരു ലഘുപ്രഭാഷണം തയ്യാറാക്കുക.?
(2005-model)

2.യശോദ, കൃഷ്ണനെ പുത്രവാത്സല്യത്തോടെ കെട്ടിപ്പിടിച്ചുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ആ കാര്യങ്ങള്‍ കൃഷ്ണന്റെ മാതൃസ്നേഹം തുളുമ്പുന്ന ഒര്‍മകളായി മാറ്റിയെഴുതുക?(നേരായിത്തീര്‍ന്ന കിനാവുകള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ ഉപയോഗിക്കണം) -2005 SAY

3.ലഘുപ്രബന്ധം തയ്യാറാക്കുക

ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു വേര്‍ത്ത-
ഫാലസ്ഥലം മൃദുകരത്തളിര്‍കൊണ്ടു താങ്ങി
ചേലഞ്ചിമിന്നുമൊരു വെണ്‍കളിര്‍ കല്‍ത്തറയ്ക്കു
മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു.

( ബന്ധനസ്ഥനായ അനിരുദ്ധന്‍- വള്ളത്തോള്‍)
ഉടല്‍ മൂടിയിരുന്നു ദേവി, ത
ന്നുടയാടത്തളിരൊന്നു കൊണ്ടു താന്‍
വിടപങ്ങളൊടൊത്ത കൈകള്‍ തന്‍
തുടമേല്‍ വച്ചുമിരുന്നു സുന്ദരി
(ചിന്താവിഷ്ടയായ സീത- കുമാരനാശാന്‍)

കാവ്യഭാഗങ്ങള്‍ വായിച്ചുവല്ലോ. വാക്കുകള്‍ ചിത്രം വരയ്ക്കുന്നതില്‍ രണ്ടുകവികള്‍ക്കുമുള്ള കഴിവിനെപ്പറ്റി ഒരു ലഘുപ്രബന്ധം തയ്യാറാക്കുക?

4.കുറിപ്പ് തയ്യാറാക്കുക
വിദൂഷക സാന്നിദ്ധ്യം മലയാളനാടകത്തില്‍ ഈ വിഷയത്തെക്കുറിച്ച് നടക്കുന്ന ക്ലാസ്സ് സെമിനാറില്‍ അവതരിപ്പിക്കാന്‍ ഒരു ലഘുപ്രബന്ധം തയ്യാറാക്കുക?

5.പ്രതികരണ കുറിപ്പ് തയ്യാറാക്കുക
"പാട്ടുകളാണ് മിക്ക ദൃശ്യകലകളുടേയും ജീവന്‍" ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതികരണം ,നാടകം ,സിനിമ, കഥകളി എന്നീ ദൃശ്യകലകളുടെ പശ്ചാത്തലത്തില്‍ സമര്‍ത്ഥിക്കുക?

6.കഥാപാത്രനിരൂപണം തയ്യാറാക്കുക
കലി ,നളിനി ,മഗ്ദലനമറിയത്തിലെ മറിയം , കാവലിലെ ജോഗി ,രാവണന്‍ പിടിച്ച പുലിവാലിലെ നാരദന്‍

7.എം.ആര്‍.ബിയുടെ ആറാം ചരമവാര്‍ഷികത്തിനു പ്രസിദ്ധീകരിക്കുന്ന കൈയെഴുത്തുമാസികയില്‍ ചേര്‍ക്കുന്നതിന് ഒരു അനുസ്മരണക്കുറിപ്പ് ത‍യ്യാറാക്കുക ?അദ്ദേഹത്തിന്റെ സാമൂഹികവീക്ഷണത്തിനു പ്രാധാന്യം നല്‍കുന്ന കുറിപ്പാണ് വേണ്ടത് ?

8.ഡയറിക്കുറിപ്പ് എഴുതുക
“പക്ഷേ ഈ കാരണം കൊണ്ടൊന്നുമല്ല പൂതപ്പാട്ട് എഴുതിക്കഴിഞ്ഞപ്പോള്‍ അതാകെ ഒരാവൃത്തി വായിച്ചു നോക്കികളയാമെന്നുപോലും എനിക്കു തോന്നാത്തത് . അതിനെക്കുറിച്ച് ഒരു പരാജയബോധമാണ് മുന്നിട്ടു നിന്നിരുന്നത് . പൂതപ്പാട്ട് എഴുതിക്കഴിഞ്ഞദിവസം ഇടശ്ശേരി കുറിച്ച അഭിപ്രായമാണിത് . ഈ ദിവസം അദ്ദേഹം എഴുതാനിടയുള്ള ഒരു ഡയറിക്കുറിപ്പ് എഴുതുക ?

9.ആമുഖപ്രഭാഷണം തയ്യാറാക്കുക?
ശകുനപ്പിഴ തവ ജനിതം എന്ന പാഠം പരിചയപ്പെടുത്തുന്നതിനായി ആ ഭാഗം സ്ക്കൂളില്‍ അവതരിപ്പിക്കന്നു ഉചിതമായ ആമുഖപ്രഭാഷണം തയ്യാറാക്കുക?

26 January 2011

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍. വി കുറുപ്പിന് രാഷ്ട്രത്തിന്റെ രണ്ടാമത്തെ പരമോന്നതബഹുമതിയായ
പത്മവിഭൂഷന്‍.

"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന
മൃതിയില്‍ നിനക്കാത്മശാന്തി"


എന്നു പാടിയകവിരത്നത്തിന് ആശംസയുടെ നറുമലരുകള്‍

24 January 2011


കലോത്സവം

കലാമാമാങ്കത്തിന് സമാപനം

അക്ഷരനഗരിയെ ആനന്ദസാഗരത്തിലാറാടിച്ച ഏഷ്യയിലെ ഏറ്റവും വലിയ മേളയായ കേരളസ്ക്കൂള്‍കലോത്സവം 23/1/2011 ഞായറാഴ്ച സമാപിച്ചു.സാംസ്ക്കാരിക തനിമയുടെ ഈറ്റില്ലമായ കോട്ടയം,സ്ക്കൂള്‍ കലോത്സവത്തെ തങ്ങളുടെ മേളയായി കരുതിയാണ് വരവേറ്റത്. കോട്ടയം പട്ടണത്തിന്റെ ആഭിജാത്യം എവിടെയും പ്രകടമായിരുന്നു.എല്ലാ കലോത്സവ വേദികളിലും തിങ്ങിനിറഞ്ഞ കാണികള്‍ വളരെ ഹൃദ്യമായാണ് കലോത്സവം ആസ്വദിച്ചത്.സമാപനത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികള്‍ നടത്തിയസാസ്ക്കാരിക ഘോഷയാത്ര നയന മനോഹരമായിരുന്നു.അടുക്കോടെയും ചിട്ടയോടെയും ഇത്രയും വലിയ മേള സംഘടിപ്പിച്ച ജില്ലാ ഭരണകൂടവും വിദ്യാഭ്യാസവകുപ്പും അദ്ധ്യാപകരും കോട്ടയത്തിന്റെപ്രിയപ്പെട്ട വിദ്യാര്‍ത്ഥികളും പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. 2012-ല്‍ തൃശ്ശുരില്‍ നടക്കുന്ന കലോത്സവത്തിനായി നമുക്ക് കാത്തിരിക്കാം.

17 January 2011

ചെറുകഥയിലെ ന്യൂതനാഖ്യാനപ്രവണതകള്‍

എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍ ആഖ്യാന
രീതികളിലും, വീക്ഷണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി ചെറുകഥകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകഥ എന്ന സാഹിത്യരൂപം അതിന്റെ പ്രാരംഭ
ഘട്ടത്തില്‍ നിന്നും പ്രമേയത്തിലും ആഖ്യാന തന്ത്രങ്ങളിലും വൈവിധ്യം
പുലര്‍ത്തി സമകാല ജീവിത സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് ഏറെ മാറ്റങ്ങള്‍ക്ക്
വിധേയമായിട്ടുണ്ട്.വൈക്കം സബ് ജില്ലയിലെ അധ്യാപക ശാക്തീകരണ പരിപാടിയില്‍
നടത്തിയ ചെറുകഥാസെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധമാണ് 'ചെറുകഥയിലെ
ന്യൂതനാഖ്യാനപ്രവണതകള്‍.'
ലേഖനം ഡൌണ്‍ലോഡ്ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശകലനങ്ങളും ചര്‍ച്ചകളും കമന്റ് ബോക്സില്‍ പ്രതീക്ഷിക്കുന്നു.


തയാറാക്കിയത്
ഷംല യു
മലയാളം അധ്യാപിക.
എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
തലയോലപ്പറമ്പ്.

Followers